Monday, January 14, 2019

പകലുകളും രാത്രികളും 

                     ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദുഃഖിച്ച ഒരാളുണ്ടായിരുന്നു . മഹാത്മാഗാന്ധി . സ്വാതന്ത്ര്യം കിട്ടിയത് പോരടിക്കാനായിരുന്നു . രാജ്യം വെട്ടി മുറിക്കാനായിരുന്നു . സ്വന്തമെന്ന് താൻ വിചാരിച്ചവർ അധികാരമോഹികളായിരുന്നു . രാത്രി അവസാനിച്ച്  പകലിലേക്കെത്തി എന്ന് വിചാരിച്ചു . അങ്ങനെയല്ല ഉണ്ടായത് . നരികളും  കുറുനരികളും  ശ്മശാനമൂകത നിറഞ്ഞ യുദ്ധക്കളത്തിൽ അമറി നടക്കുന്നു . വയ്യ . ഇതുകാണാൻ വയ്യ . ഞാനിതിനു പരിഹാരം കണ്ടേ പറ്റൂ . അതിനായി സ്വന്തം ആളുകൾ വെട്ടിമരിക്കുന്നിടത്തേക്കു പോവുകയാണ് , ഈ സ്വാതന്ത്ര്യം അല്ല താനും ഇൻഡ്യക്കാരും ആഗ്രഹിച്ചത് . അധികാരത്തിൽ മത്തുപിടിച്ചിരിക്കുകയാണ് തന്നോടൊപ്പം പടനയിച്ചവർക്ക് . ഇല്ല . അവരോടൊപ്പം പോകാൻ തനിക്കാവില്ല . ഇത് തൻ്റെ ഹംസഗാനമാണ് . അവസാനത്തെ സമരം . ഇവിടെ താൻ അടിതെറ്റി വീഴും . കാരണം ശത്രു തൻ്റെ കൂടെത്തന്നെയുണ്ട് . വേണമെങ്കിൽ താൻതന്നെ തൻ്റെ ശത്രു ആയി എന്നും പറയാം . തൻ്റെ  നെഞ്ചിലേക്കുള്ള വെടിയുണ്ട ഇന്നല്ലെങ്കിൽ നാളെ തുളച്ചുകയറും . സ്വാതന്ത്ര്യം കിട്ടിക്കഴിഞ് ഓരോ ദിവസവും മഹാത്മാവ് തള്ളി നീക്കിയത് അത് പ്രതീക്ഷിച്ചതായിരുന്നു .അവസാനം അത് സംഭവിക്കുകയും ചെയ്തു . ഉദയം വരാതിരിക്കാൻ തോന്നിയ രാത്രികളായിരുന്നു അപ്പോഴൊക്കെ . ആ രാത്രിയുടെ തുടർച്ചയാണിപ്പോളും . സൗഗന്ധികം തേടിയുള്ള യാത്രയല്ല . മനസ്സിന്റെ  ശക്തികൊണ്ട് ക്രിയാമാധുര്യം കടഞ്ഞെടുക്കേണ്ട സമയമാണിപ്പോൾ . നമ്മുടെ ദൗർബ്ബല്യം വേട്ടനായ്ക്കളെപ്പോലെ  നമ്മെ കടിച്ചുകീറും . അതിനായി നിന്നുകൊടുക്കരുത് നമ്മൾ . മറ്റൊരു ഭാരതയുദ്ധമാണ് നടക്കാൻ പോകുന്നത് . 
  
 

Monday, April 17, 2017

മൃത്യുന്ജയം

അരികത്ത്, ഒരുകുറികൂടി, ഞാനരികത്ത് 
വന്നു , ഞാ, നക്കഥപറയാ,മുറങ്ങരുത് 

ചിരപരിചിതമോഹസ്മൃതിയില്‍വിരിഞ്ഞൊരു 
മൃദുഭാഷണമായേ കരുതിടാവൂ 

വഴിയേറെ, യേറെ നടന്നു ഞാ, നാവഴി- 
യമ്പലപ്പടിയില്‍ മയങ്ങിടുമ്പോള്‍ 

വന്നുനീ,നിന്നുനീ ,സ്മൃതിരാഗ ഭാവമായ് 
ലാസ്യാനുശീലവിഷാദമൂകം

പിന്നെ ഞാ, നറിയാതെ ,മറയുമ്പോളൊരുകൊള്ളി
മീനാ,യിടിമിന്നല്‍പോലെ 

പറയട്ടെ,നീള്‍മിഴി ക്കോണിലെനനവായി,-
യൊഴികീനീനിന്നു, കിനാവുപോലെ

ഹരിതമായ് ,കുങ്കുമച്ഛവിയായി,പ്രണയാര്‍ദ്ര-
തേന്‍കണം പോലെ തുടിച്ചു നിന്നൂ 

ഹാ !, ചിരസ്ഥായിയായ് , ചിത്പ്രകാശങ്ങളായ്
ഉണരൂ , ഉഷസ്സേ, നീ,യെന്നിലെന്നും

          


Thursday, November 3, 2016

ഊച്ചാളി കമ്യൂണിസ്റ്റ്

സെല്‍ ഭരണം

നോക്കുകൂലി


എന്‍റെ കുട്ടിക്കാലം . അന്ന് കേരളം ഭരിക്കുന്നത്‌ കമ്യൂണിസ്റ്റ്പാര്‍ട്ടിയാണ്. മുഖ്യമന്ത്രി ഇ എം എസ്സ് . പാര്‍ട്ടി സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായര്‍ . അരക്ഷിതാവസ്ഥ ഉയര്‍ത്തി ആ ഭരണത്തെ താഴെ ഇറക്കാന്‍ അധികാരത്തിലെത്തി മൂന്നാം നാള്‍ പണി ആരംഭിച്ചു . കേന്ദ്രത്തില്‍ ധെബാറും കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളിയുമാണ് അതിന് ചുക്കാന്‍ പിടിച്ചത് . വാസ്തവത്തില്‍ അന്ന് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു . ആര്‍ക്ക് ? നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചവര്‍ക്ക് . പോലീസ്സിനെ ഇറക്കി തൊഴിലാളി സമരം അടിച്ചമര്‍ത്തിയവര്‍ക്ക് . സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും അദ്ധ്യാപകരെ നിയമിച്ചു സ്വന്തം വീട്ടില്‍ വേലക്ക് നിറുത്തിയവര്‍ക്ക് . കര്‍ഷകത്തൊഴിലാളികളെ പോത്തുകളെപ്പോലെ തല്ലി വശം കെടുത്തി സ്വന്തം പുരയില്‍ നിന്ന് ഇറക്കി വിട്ടവര്‍ക്ക് . അന്നത്തെ മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ , ആ തീരുമാനങ്ങള്‍ നടപ്പാക്കിയത്, ഒക്കെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു . ആ ഭരണത്തെ താഴത്തിറക്കാനായിരുന്നു കേരളത്തില്‍ പ്രമാണിമാരും സമുദായ നേതാക്കളും കോണ്‍ഗ്രസ്സുകാരും ഒന്നിച്ചു സമരത്തിനിറങ്ങിയത് . ആ സമരത്തില്‍ വിപ്ലവം പറയുന്ന പ്രേമചന്ദ്രന്റെ ആര്‍ എസ്സ് പി യുമുണ്ടായിരുന്നു .  

                 ആ സമരത്തിന് പിന്തുണ നല്‍കിയ പത്രങ്ങളില്‍ ദേശാഭിമാനിയും ജനയുഗവും ഒഴിച്ചു എല്ലാം പെടും . അന്ന് തൃശൂര് നിന്ന് ഇറങ്ങിയ പത്രമാണ്‌ എക്സ്പ്രസ്സ് . തൃശൂര്‍ എക്സ്പ്രസ്സ്‌ എന്ന് പത്രക്കാര്‍ പൊതുവേ പറയും . ആ പത്രമാണ്‌ മലയാള ഭാഷയില്‍  ഊച്ചാളി എന്ന പദം ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്  . കുഞ്ചന്‍ നമ്പ്യാര്‍ ' പൂശകനെക്കണ്ടെലികള്‍ കണക്കേ ' എന്ന് പ്രയോഗിച്ഛപോലെ . പൂശകന്‍ പൂച്ചയാണ് എന്ന് ഒരു ഡിക്ഷ്ണറിയിലും കാണില്ല . അതുപോലെ ഊച്ചാളി എന്ന വാക്കും കാണില്ല . ക്രമേണ ഊച്ചാളി കമ്യുണിസ്റ്റ് എന്നവാക്ക് കമൂണിസ്റ്റ്കാരെ റൌഡി ലിസ്റ്റില്‍ മയപ്പെടുത്തി ഉപയോഗിക്കുവാന്‍ പൊതുബോധത്തിന്റെ അംഗീകാരം വാങ്ങുകയായിരുന്നു ഇതുവഴി ഉണ്ടായത്  . ഇത് കമ്യൂണിസ്റ്റ്കാരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിറുത്താന്‍ അക്കാലത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു .

                ആദ്യത്തെ കമ്യൂണിസ്റ്റ് ഗവര്‍മ്മെണ്ട് വരുന്നതിന് മുന്‍പ് നാട്ടില്‍ നടക്കുന്ന അല്ലറ ചില്ലറ വഴക്കുകള്‍ , അതിര് തര്‍ക്കങ്ങള്‍ , കുടുംബങ്ങള്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ തുടങ്ങിയവ പറഞ്ഞുതീര്‍ക്കുന്നത് നാട്ടിലെ പ്രമാണിമാരായിരുന്നു . ഒരുവിധത്തില്‍ തമിഴ് നാട്ടിലും മറ്റുമുള്ള നാട്ടുക്കൂട്ടങ്ങള്‍ നടത്തുന്നതുപോലെ .ജനങ്ങളുടെ പിന്തുണ കമ്യൂണിസ്റ്റ്പാര്ട്ടിക്കായപ്പോള്‍ ഈ കേസ്സുകള്‍ പറഞ്ഞുതീര്‍ക്കുന്നത് പാര്‍ട്ടി ഓഫീസ്സിലെക്കായി . ഇത് പ്രമാണിമാര്‍ക്ക് സഹിച്ചില്ല . തങ്ങളുടെ ഫ്യൂഡല്‍ അധികാരപരിധി നഷ്ടമാവുന്നത് സഹിക്കാനാവില്ലല്ലോ . അതാണ്‌ വിമോചനസമരക്കാലത്ത് കേരളത്തില്‍ സെല്‍ ഭരണമാണ് എന്ന് വ്യാപകമായ പ്രചാരണത്തിന് കാരണമായത്‌ . ഇപ്പോള്‍ കണ്ണൂര് പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് വിളിക്കുന്നതുപോലെ . ഇതൊക്കെ പ്രതിരോധിക്കാന്‍ അന്ന് എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് കഴിഞ്ഞു .

                    1967 മുതല്‍ നമ്മള്‍ കേട്ടുവരുന്ന ഒരു വാക്കാണ്‌ ' നോക്കുകൂലി ' .ഈ വാക്കും ഫ്യൂഡല്‍ - മുതലാളിത്ത പദശേഖരത്തില്‍ നിന്ന് ചുമട്ടുതൊഴിലാളികളെ ഒറ്റപ്പെടുത്താന്‍ കണ്ടുപിടിച്ചതാണ് . ജോലി ചെയ്യാതെ ശമ്പളം മേടിക്കുന്ന മൂപ്പനെയാണ് ഈ പദംകൊണ്ട് വ്യവഹരിക്കുന്നത് .മുപ്പതും മുപ്പത്തിയഞ്ചും വര്‍ഷം ചുമടെടുത്താല്‍ പിന്നെ വയ്യാതാവും . കുടുംബം പുലര്‍ത്താന്‍ പറ്റാതാവുമ്പോള്‍ പട്ടിണി തന്നെ . അപ്പോള്‍ ആ മൂപ്പന്റെ കൂടെ അതേവരെ പണിചെയ്തവര്‍ തങ്ങള്‍ക്കു കിട്ടുന്ന കൂലിയില്‍ ചെറിയ ഒരു പങ്കു ഈ മൂപ്പന് കൊടുക്കും . അയാള്‍ പണി ചെയ്യാന്‍ വിദഗ്ദ്ധനായത്കൊണ്ട് വരമ്പത്തോ പണിശാലയിലോ ഇരുന്നു നിര്‍ദ്ദേശം കൊടുക്കും . ഇവരെയാണ് നോക്കുകൂലിക്കാര്‍ എന്ന് പരിഹാസമായി വിളിക്കുന്നത്‌.

                   ഓഫീസ്സുകളിലും ഫാക്ടറികളിലും പണിചെയ്യുന്നവര്‍ ഇപ്പോള്‍ കുറവും നോക്കുകൂലിക്കാര്‍ കൂടുതലുമല്ലേ എന്ന് ചോദിക്കരുത് . ഈ മുതലാളിമാരല്ലേ ഏറ്റവും വലിയ നോക്കുകൂലിക്കാര്‍ ? അവര്‍ പല പല പേരിലും നമ്മുടെ മുന്‍പില്‍ അവതരിക്കുമ്പോള്‍ അവരെ ഗ്രാമ്യഭാഷയില്‍ നോക്കുകൂലിക്കാരെന്നു വിളിക്കരുത് . പണ്ട് തമ്പ്രാക്കന്മാര്‍ എന്ന് വിളിച്ച നമ്മള്‍ ഇന്നവരെ സാറന്മാരെന്നു വിളിക്കുന്നു . വൈലോപ്പിള്ളിയുടെ " കുടിയൊഴിക്ക"ലില്‍ ' ദുഷ് പ്രഭു പ്പു....' എന്നൊരു പ്രയോഗമുണ്ട് . ഇന്നത്തെ തമ്പ്രാക്കന്മാര്‍ , സാറന്മാര്‍ . ഈ ഗണത്തില്‍ പെടും .                

Sunday, May 1, 2016

കല്ലുകടി
ഇല്ല,നീയെത്തിയി,ല്ലിന്നുമെന്നുള്ളിലെ
പൂവ്വാംകുറുന്നിലമൊട്ടുപോ,ലോമനേ..,
നീയാകുമോര്‍മ്മയില്‍ സ്വപ്നവിപഞ്ചിയില്‍
സ്വീയവിഷാദവിലോലസങ്കല്‍പ്പമായ്
നിന്‍റെ സംഗീത കലവിക്കുമീതെ ഞാന്‍
എന്‍റെയീ സിന്ദൂരചന്തങ്ങള്‍ ചാര്‍ത്തണോ ..?
എന്നുമൊരുചെറു മൊട്ടായ് , പിറവിയില്‍
വാസന്തരേഖതന്‍ പൂവ്വായ്, പ്രതീക്ഷതന്‍
തേന്‍ ചോരുമെന്നിലേക്കിറ്റുവീഴുന്നൊരു
ജീവിതദാഹമുതിര്‍പ്പുനീലാംബരി
ആരേ,മിഴിതുടച്ചെത്തുന്നിതാശകള്‍
ചോടുകള്‍ വെച്ചും ചൊടിയോടെ കൈവിരല്‍
വെട്ടിച്ചു,മെന്നിലേ,ക്കെന്നെയുണര്‍ത്തിയും
മോഹനരാഗാര്‍ദ്രക്രൌഞ്ചമായ് തീര്‍ന്നുവോ ...?

Wednesday, April 27, 2016

ക്രമീകൃതമായ സഞ്ചയനം

 ക്രമം തെറ്റിപ്പോകുമ്പോള്‍ കല രൂപരഹിതമാവും .സംഗീതം സഞ്ചാലനത്തില്‍നിന്നാണ് ഉയിര്‍ക്കൊണ്ടത് .നിഗൂഢരൂപങ്ങളോട്സാമ്യമുള്ളവയാണ് അമൂര്‍ത്തകലയിലെ രൂപങ്ങള്‍ .എല്ലാ രൂപങ്ങള്‍ക്കും നിഗൂഢതകളോട് നാഭീനാള ബന്ധം ഉണ്ടാവാതെ തരമില്ല്യ. .ചലനഗതിയാണ് നൃത്തം . അത് തഞ്ചാവൂരുംപോയി പഠിച്ചിരുന്നു പണ്ട് . ഇന്ന് അവിടെ ചലനങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ത്തവരില്ല്യ .താളലയങ്ങള്‍ക്കനുസരിച്ചു ക്രമീകരിക്കുക . അതൊരു രീതിസംപ്രദായമാണ്. ലളിതമോ സങ്കീര്‍ണ്ണമോ ആയി  സംയോജിപ്പിക്കണം . എന്നാലേ നടനകലയാവൂ . അങ്ങനെ ഓരോ കലക്കും അതിന്‍റേതായ മുഗ്ദ്ധതയുണ്ട് . ഇതൊക്കെ പറഞ്ഞത് മറ്റൊന്നിനാണ് . ഒറിജിനാലിറ്റിയുള്ള എഴുത്തുകാര്‍ ഇപ്പോള്‍ കുറവാണ് . അതില്‍ തിളങ്ങിനിന്ന താരം വൈക്കം മുഹമ്മദ്‌ ബഷീറാണ് . എനിക്ക് ആരോ എഴോ വയസുള്ളപ്പോള്‍ വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്നു . പിന്നീട് എപ്പോഴോ ബേപ്പൂര്‍ക്ക് പോയി . അച്ഛന്റെ നല്ല സുഹൃത്ത് . എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുകിട്ടി . അതുപോലെ വൈലോപ്പിള്ളിയും .പറഞ്ഞുവന്നത് വൈക്കം മുഹമ്മദ്‌ ബഷീറിനു അനുഭവങ്ങളുടെ കനത്ത സഞ്ചയിക
സ്വന്തമായി ഉണ്ടായിരുന്നു . അദ്ദേഹത്തിനു എഴുതാതിരിക്കാന്‍ ആവില്യായിരുന്നു . എഴുതി . തുടര്‍ച്ചയായി തന്നെ . പിന്നെ കുറേക്കാലം എഴുതാതിരുന്നു . കൌമുദി ഓണപ്പതിപ്പില്‍ ഒരിക്കല്‍ " പൂവമ്പഴം " എന്നകഥ വന്നു . അത് വന്നില്ലായിരുന്നു എങ്കില്‍ എഴുത്ത് നിറുത്തി എന്ന് വിചാരിക്കുമായിരുന്നു . പക്ഷെ , പിന്നേയും കഥകള്‍ എഴുതി , വിരളമായിട്ടെങ്കിലും . സ്തുതി പാ ഠകാരുടെ തള്ളല്‍ കൊണ്ടാവാം പിന്നെ അത്രയൊന്നും ബഷീറിനു എഴുതാന്‍ പറ്റാഞ്ഞത്‌ എന്നൊരിക്കല്‍ പോഞ്ഞിക്കര റാഫി എന്നോടു പറഞ്ഞു . ശെരിയാവാം .അനുഭവങ്ങള്‍ ഇല്ലെങ്കില്‍ ബഷീറിനു എഴുതാന്‍ ആവില്ല്യ . അതുപോലെയാണ് കാരൂരും തകഴിയും നന്തനാരും പണ്ടത്തെ സഞ്ജയനും ചന്തുമേനോനും ഉറൂബും തുടങ്ങി  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എം ടി യും ടി പദ്മനാഭനും ഉള്‍പ്പടെ എല്ലാവരും . കവികളില്‍ ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി , ഇടശ്ശേരി , വള്ളത്തോള്‍ , ആശാന്‍ , പി കുഞ്ഞിരാമന്‍ നായര്‍ ഉള്‍പ്പടെ എല്ലാവരും . അഴീക്കോട് , എം പി പോള്‍, ഗുപ്തന്‍ നായര്‍ ,എം ലീലാവതി തുടങ്ങിയവര്‍ക്കൊക്കെ അവരുടേതായ ശൈലിയും  ഉണ്ടായിരുന്നു . 

                                                                        പറഞ്ഞുവന്നത് പഴയ കഥാകാരന്മാര്‍ക്കും ചെറുകഥാകൃത്തുക്കള്‍ക്കും ഒക്കെ അനുഭവങ്ങളില്‍ വാര്‍ത്തെടുത്ത ഘടനാശില്‍പ്പം അവരുടെ രചനാമാതൃകയായിരുന്നു . അടുത്തകാലത്ത് , ഏതാണ്ട് മുപ്പതുകൊല്ലമായി , നമ്മള്‍ അതുപേക്ഷിച്ചു . നോവലോ ചെറുകഥയോ എഴുതാന്‍ നോട്ടുപുസ്തകവുമായി സഞ്ചരിക്കും . എന്നിട്ട് എന്തെങ്കിലും ചവറുകള്‍ എഴുതും . പറയുന്നത് ശെരിയല്ല . എങ്കിലും പറയാതെ വയ്യ . ലളിതാംബിക അന്തര്‍ജ്ജനം എനിക്ക് അത്യന്തം ആരാധനയുള്ള സാഹിത്യകാരിയാണ്‌ . പക്ഷെ അവര്‍ " അഗ്നിസാക്ഷി " എന്നാ നോവല്‍ എഴുതിയപ്പോള്‍ എനിക്ക് പുച്ഛം തോന്നി . എന്റെ അമ്മയുടെ അമ്മായിയാണ് അതിലെ നായിക . എനിക്ക് എഴുവയസ്സുള്ളപ്പോള്‍ അവിചാരിതമായി കണ്ടു . അവരെക്കുറിച്ച് നോവല്‍ എഴുതിയപ്പോള്‍ അവാസ്തവമായി പലതും കടന്നുകൂടി ,. ആരെങ്കിലും പറഞ്ഞുകേട്ട് നോവല്‍ ആക്കിയതാവാം . അതുപോലെയാണ് ഇന്ന് ഏതാണ്ട് മുഴുവന്‍ എന്നുപറയട്ടെ, കഥകളും നോവലുകളും മറ്റും . ഇത് ഒരുതരം അപചയമാണ് ഇത്  . ആരെങ്കിലും ശക്തരായ സ്പോണ്സര്‍മാരുന്ടെന്കിലെ സാഹിത്യം നിര്‍മ്മിക്കാനാവൂ എന്നാണ് സ്ഥിതി . ഇത് വല്ലാത്ത ഒരു സ്ഥിതി വിശേഷമാണ് . കവിയാവണമെങ്കില്‍ ഏതെങ്കിലും ഫസ്റ്റു ഗ്രേഡ് കോളേജിലെ മലയാളം ലെക്ചറെങ്കിലുംആവണം . അതും പ്രൈവറ്റ് കോളേജിലെ ആയാല്‍ പോര . കവിത താളത്തിലും ഭംഗിയിലും എഴുതിയാല്‍ പത്രാധിപര്‍ ചവറ്റുകോട്ടയില്‍ ഇടും . പറയട്ടെ , ഇങ്ങനെയൊക്കെ ആക്കിയതില്‍ മലയാളത്തിലെ കഴിവുള്ള കവികളായ അയ്യപ്പപ്പണിക്കര്‍ , ആര്‍ രാമചന്ദ്രന്‍ , സച്ചിദാനന്ദന്‍ എന്നിവരുടെ സേവനം ചെറുതല്ല . മലയാളകവിതയുടെ അന്ത്യം കുറിക്കാന്‍ , ചെറുപ്പക്കാരെ കവിത എങ്ങനെ വിരൂപമാക്കാം എന്ന് ഇവര്‍ കാണിച്ചുകൊടുത്ത് ഇനി രക്ഷപ്പെടാന്‍ വയ്യാത്ത നിലയിലാക്കി . ഇതൊക്കെ പ്രസിദ്ധീകരിക്കുന്ന പത്രാധിപന്മാരും ഒട്ടും മോശമല്ല .

                               സംസ്കൃതത്തില്‍ ആലോകസാമാന്യം എന്നൊരു പ്രയോഗമുണ്ട്. ലോകസാമാന്യം അല്ലാത്തത് എന്നര്‍ത്ഥം . ലോകത്ത് പോതുവേകാണാത്തത് എന്ന് ഭാവാര്‍ത്ഥം. അനുഭവങ്ങള്‍ ഇല്ലാത്തത് എന്ന് ചുരുക്കിപ്പറയാം . എന്നുവെച്ചു അപത്യദുഃഖത്തെപ്പറ്റി കവിത എഴുതണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് . പലതും മനസ്സില്‍ വരുന്നു . തുറന്നെഴുതിയാല്‍ പല സുഹൃത്തുക്കളും നഷ്ടപ്പെടും . അതുകൊണ്ട് വേണ്ട . ഒരിക്കല്‍ ടീച്ചറോട് എല്ലാം തുറന്നുപറഞ്ഞാലോ എന്നുവിചാരിച്ചു . ടീച്ചര്‍ നല്ല നിരൂപകയും നല്ല ടീച്ചറും ആണല്ലോ . അപ്പോള്‍ നല്ല അര്‍ത്ഥത്തില്‍ കാണും എന്നുറപ്പുണ്ട്‌ .     
      



പുള്ളിപ്പുലിയും വസന്തവായുവിലെ 
രോഗാണുക്കളും

പ്രകൃതിമാതാവ് സുന്ദരിയാണ് .അവിടെ മലമ്പനിക്കൊതുകുകളെ കാണുമ്പോള്‍ വികാരം തണുക്കും . വികാരധാരക്ക് ഇളംചൂടു മാത്രമേ ഉണ്ടാവൂ . നമുക്ക് പലപ്പോഴും ഉള്‍വലിയല്‍ ( introvert ) ഉണ്ടാവും . മനുഷ്യര്‍ക്കേ അതുണ്ടാവൂ . ജന്തുക്കള്‍ക്ക് അതുണ്ടാവണം എന്നില്ല്യ .മനുഷ്യനില്‍ മൃഗവാസനകള്‍ ഉണ്ടാവും . മറിച്ചില്ല എന്നാണു ഞാന്‍ കരുതിയത്‌ . അല്ല . മനുഷ്യനെക്കാള്‍ പ്രതികരണ ശേഷി മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും സസ്യലതാദികള്‍ക്കും സമുദ്രത്തിനും ഭൂമിക്കും ആകാശത്തിനും മറ്റുമുണ്ട് .

                                      ഇന്നലെ വയ്യാത്തതുകൊണ്ട് ഇവിടെ എഴുതാനായില്ല . ഇന്നാവാമെന്നു പറഞ്ഞു . വാക്കുതെറ്റിക്കരുതല്ലോ . ഞാന്‍ കെ എസ്സ് ആര്‍ ടി സി യില്‍ ഒരു സീനിയര്‍ ഓഫീസറായിട്ടാണ് കയറിയത് . ഏറ്റവും വലിയ തസ്തികയില്‍ ഇരുന്നു റിട്ടയര്‍ ചെയ്തു . ആളുകള്‍ കൈക്കൂലി മേടിക്കുന്നത് ശാസ്ത്രീയമായി പഠിക്കാന്‍ അങ്ങനെ കഴിഞ്ഞു . കൈക്കൂലി സ്വയം മേടിക്കാതെ തന്നെ . ഇടക്ക് മൂന്നുകൊല്ലം എന്നെ പിരിച്ചു വിട്ടു . കെ എം ജോര്‍ജു മന്ത്രിയായിരുന്നപ്പോള്‍ . ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി .എനിക്ക് ഇദ്ദേഹത്തെ പരിചയമില്ല . എങ്കിലും ഒരു മൂര്‍ഖന്‍ പാമ്പിനെയും കമ്യൂണിസ്റ്റ്കാരനേയും ഒരുമിച്ചുകണ്ടാല്‍ ആദ്യം കമ്യൂണിസ്റ്കാരനെ തല്ലിക്കൊന്നിട്ടേ മൂര്‍ഖന്‍പാമ്പിനെ തല്ലിക്കൊല്ലുന്ന കാര്യം ആലോചിക്കാവൂ എന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം . പിന്നീട് ഹൈക്കോടതിയില്‍ കേസ്സ് കൊടുത്തു തിരിച്ചു കയറി .അപ്പോള്‍ ശമ്പളത്തില്‍ മൂവ്വായിരം രൂപയുടെയും പെന്‍ഷന്‍ ആനുകൂല്യത്തില്‍ എട്ടുലക്ഷം രൂപയുടെയും പെന്‍ഷനില്‍ പന്തീരായിരം രൂപയുടെയും കുറവുണ്ടായി . വിവാഹം കഴിഞ്ഞപ്പോള്‍ ന്യായമായ പ്രമോഷനുകള്‍ തടഞ്ഞുവെക്കപ്പെട്ടു. നമ്മള്‍ ഭരിക്കുമ്പോള്‍, ഈ സമയത്ത് പ്രമോഷന്‍ കൊടുത്താല്‍ ഇ എം എസ്സിന്റെ ജാമാതാവിനു പ്രമോഷന്‍ കൊടുത്തില്ലേ എന്ന് പറഞ്ഞു നിഷേധിക്കപ്പെട്ട പ്രമോഷന്‍ തരില്ല . യൂ ഡി എഫ് ഭരിക്കുമ്പോള്‍ എല്‍ ഡി എഫ് ഭരിച്ചപ്പോള്‍ ഇ എം എസ്സിന്റെ ജാമാതാവിനു കൊടുക്കാത്തത് നമ്മള്‍ കൊടുക്കണോ എന്ന് പറഞ്ഞു വേണ്ടെന്നുവെക്കും .ഇരുട്ടുവേളുക്കെ പണിയെടുക്കും . കൈക്കൂലി മേടിക്കില്ല . അതിനാല്‍ ശത്രുക്കള്‍ ആവശ്യത്തിലധികം . എന്നാല്‍ രണ്ടു മുന്നണികളിലെയും പ്രഗല്ഭാരായവര്‍ മുഴുവന്‍ വളരെ അടുത്തവര്‍ .

                                                 അന്ന് അസ്സംബ്ലി ഉള്ളപ്പോഴൊക്കെ,അസ്സംബ്ലിക്കാര്യത്തില്‍  പരിചയമുണ്ട് എന്ന കാരണത്താല്‍ എന്നെയാണ് ഏല്‍പ്പിച്ചത് .26 കൊല്ലക്കാലം അസംബ്ലിയിലെ ഔദ്യോഗിക ഗാലറിയില്‍ എനിക്ക് ഇരിക്കേണ്ടിവന്നു .ഒരുപക്ഷെ എം എല്‍ എ മാരെക്കാള്‍ എനിക്ക് അക്കാര്യത്തില്‍ അറിവും നേടാനായി . അന്നൊരിക്കലെ ഒരു സംഭവം . സാധാരണ മുഖ്യമന്ത്രി  കെ കരുണാകരന്‍ അസ്സംബ്ലി കൂടാറാവുമ്പോള്‍ ഓടിവന്നു കയറും . എവിടെയൊക്കെയോ പോയി, വെളുപ്പാന്‍ കാലത്താവും ക്ലിഫ് ഹൌസില്‍ വന്നുകിടക്കുക. അസ്സംബ്ലിയില്‍ അടിയന്തിര പ്രമേയം വരും .അത് ഏതെങ്കിലും ലാത്തിച്ചാര്‍ജ്നെപ്പറ്റിയോ ലോക്കപ്പ് കൊലപാതകത്തെപ്പറ്റിയോ ആയിരിക്കും . കരുണാകരന്‍ വന്ന അതെ സ്പീഡില്‍ പുറത്തു വരും . എന്നിട്ട് ഡി ജി പി യോട് എന്താണുണ്ടായത് എന്നുചോടിക്കും . അപ്പോള്‍ ഗവര്‍മ്മെന്റിനു അവതരിപ്പിക്കാനുള്ളത് അവര്‍ പറഞ്ഞുകൊടുക്കും . കരുണാകരന്‍ മറുപടിയില്‍ ഗവര്‍മ്മെന്റ് ഭാഗം ന്യായീകരിച്ചു, സംഭവസ്ഥലത്ത് ഉണ്ടായിരുന്നപോലെ, വിശദീകരിക്കും . ഞാനിതോക്കെകണ്ട്, കേട്ട് , മിഴിച്ചിരുന്നിട്ടുണ്ട് .

                                    പക്ഷെ ഈ കെ കരുണാകരനെ ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി വെള്ളം കുടിപ്പിച്ചു . അന്ന് സുധീരനാണ് സ്പീക്കര്‍ . പാമോലിന്‍ ഇറക്കുമതി കേസ്സ് . ഈ ഫയല്‍ മന്ത്രിസഭായോഗത്തില്‍ വെച്ചു അംഗീകാരം മേടിച്ചതാണ് . സവ്വത്ര അഴിമതിയാണ് ഇതില്‍ . ഇതറിയാവുന്നയാള്‍ അന്നത്തെ ധനകാര്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് . ഉമ്മന്‍ചാണ്ടിയും സ്പീക്കര്‍ സുധീരനും എ കെ ആന്റണിയും ചേര്‍ന്ന് ഗൂഢാലോചനനടത്തി കെ കരുണാകരനെ വെട്ടിലാക്കി . മന്ത്രിസഭായോഗം കഴിഞ്ഞു ഈ ഫയല്‍ മുഖ്യമന്ത്രി തന്റെ മേശക്കുള്ളില്‍ വെച്ചു പൂട്ടി സ്ഥലം വിട്ടു  . അന്ന് വി എസ്സ് അച്യുതാനന്ദന്‍ ആണ് പ്രതിപക്ഷ നേതാവ് . വി എസ്സ് അസ്സംബ്ലിയില്‍ ഇത് ആരോപണമായി  ഉന്നയിച്ചു . കരുണാകരന്‍ അത് നിഷേധിച്ചു . വി എസ്സ് ഈ ഫയലിലെ ഓരോ കടലാസ്സും ഉയര്‍ത്തിക്കാട്ടി തന്റെ ഭാഗം തെളിവുസഹിതം, നിഷേധിക്കാനാവാത്ത വിധം ന്യായീകരിച്ചു.. ഇടക്ക് ഓരോ കടലാസ്സും ഉയര്‍ത്തിക്കാട്ടൂമ്പോള്‍ വി എസ്സ് " കരിങ്കാലി കരുനാകരാ, കള്ളാ , കള്ളാ " എന്നുപറയും . അപ്പോഴൊക്കെ സുധീരനും ഉമ്മന്‍ചാണ്ടിയും ചിരിച്ചോണ്ടിരിക്കും . അവസാനം സ്പീക്കര്‍ വി എം സുധീരന്‍ മുഖ്യമന്ത്രി കരുണാകരനെ മറുപടിക്ക് ക്ഷണിച്ചു . അപ്പോള്‍ കെ കരുണാകരന്റെ ഒറ്റ വാചകത്തിലുള്ള മറുപടി കേട്ട് ഞാന്‍ തരിച്ചിരുന്നു : " സര്‍ ... മന്ത്രിസഭായോഗം കഴിഞ്ഞു ഞാന്‍ എന്റെ മേശക്കകത്തുവെച്ചു പൂട്ടിയ ഫയലാണ് പ്രതിപക്ഷ നേതാവിന്‍റെ കയ്യില്‍ . എന്റെ കയ്യില്‍ എന്റെ ഫയലില്ല , സര്‍ ..ആ ഫയല്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍നിന്നു  കിട്ടിയാലേ എനിക്ക് മറുപടി പറയാനാവൂ " എന്ന് . ഇതുകേട്ട് ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ധനകാര്യ മന്ത്രിയും ആയ ഉമ്മന്‍ചാണ്ടിയും ഇന്നത്തെ കെ പി സി സി പ്രസിഡണ്ടും അന്നത്തെ സ്പീക്കറും ആയ വി എം സുധീരനും . ഇവരുടെ പിന്നാലെയാണ് , ഈ ചതിയന്മാരുടെ പിന്നാലെയാണ്, ആ അച്ഛന്റെ മക്കളായ മുരളിയും പദ്മജയും നടക്കുന്നത് . ഇതാണ് അവരുടെ ചര്‍മ്മബലം . ഇതിനു മറ്റൊന്നുകൂടി പറയും . അത് ഞാനിവിടെ എഴുതുന്നില്ല്യ .പുറത്തേക്ക് വന്ന കരുണാകരന്‍ എന്റെ തോളില്‍ കൈവെച്ചു " അവന്മാരെന്നെ ചതിച്ചു, ഗുപ്തന്‍  " എന്നുപറഞ്ഞു കണ്ണീരൊപ്പി . എനിക്കും വിഷമം തോന്നി . ആ പാമോലിന്‍ കേസ്സില്‍ കെ കരുണാകരന്‍ പ്രതിയും വി എസ്സ് വാദിയുമാണ് . ഈ ഫയല്‍ മന്ത്രിസഭായോഗത്തിനു മുന്‍പ് തന്നെ അന്നത്തെ ധനകാര്യ മന്ത്രി ഉമ്മന്‍ചാണ്ടി കാണുകയും അനുമതിക്കു ശുപാര്‍ശ ചെയ്യുകയും ചെയ്തതാണ് . കരുണാകരന്‍ പ്രതിയാവുമ്പോള്‍ താനും കൂട്ടുപ്രതിയാവും  എന്നൊന്നും അന്ന് ഉമ്മന്‍ചാണ്ടി ആലോചിച്ചുകാണില്ല . അതുകൊണ്ടാണ്, അധികാരം കിട്ടുമ്പോഴൊക്കെ, ഉമ്മന്‍ചാണ്ടി ഈ കേസ്സ് പിന്‍വലിക്കുന്നത് . ഇതാണ് സുധീരന്‍ , ഇതാണ് ഉമ്മന്‍ചാണ്ടി, ഇതാണ് കോണ്‍ഗ്രസ്സ് . ഇവര്‍ ജയിക്കാനായി ടി പി യെ മാത്രമല്ല , തങ്ങളുടെ കൂടെയുള്ള ആരെവേണമെങ്കിലും കൊന്നിട്ട്, അത് സി പി ഐ എം ന്റെ തലയില്‍ വെക്കാന്‍ നോക്കും . അതിനാല്‍ ഓരോ കാലടിയും സൂക്ഷിച്ചുവേണം വെക്കാന്‍ . ഈ ഇലക്ഷനില്‍ ജെയിക്കാന്‍ കോണ്‍ഗ്രസ്സ് എല്ലാ അടവും പയറ്റും . ഇത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ് . കോണ്‍ഗ്രസ്സിലെയും ഘടകക്ഷികളിലെയും ഓരോരുത്തര്‍ക്കും ജെയിലിലേക്കുള്ള വഴിയാണ് ഈ ഇലക്ഷന്‍ .          

Friday, April 22, 2016

നുണ നൂറാവര്‍ത്തിച്ചാല്‍ 

അതൊരു സത്യമാണ് എന്നാണ് പറയുന്നത് . ഇത് നടപ്പിലാക്കിയത് ഗീബല്‍സാണ്.  അങ്ങനെ നുണ സത്യമാക്കുന്ന ജാലവിദ്യ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്  . അതിവിടെ സമര്‍ത്ഥമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇവിടുത്തെ ചാനലുകാരും പത്രങ്ങളുമാണ് . പണ്ട് , 1957 ല്‍ ഇ എം എസ്സ് അധികാരത്തില്‍ വന്നപ്പോള്‍ പത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ . കേരളത്തില്‍ അരക്ഷിതാവസ്ഥയാണ് എന്നും ഇവിടെ പോലീസ്സിനെയും റെവന്യു അധികാരികളേയും നിയന്ത്രിക്കുന്നത്‌ പാര്‍ട്ടി സെല്ലുകളാണെന്നായിരുന്നു അന്നത്തെ പ്രചാരണം . അന്ന് ഞങ്ങള്‍ , സ്കൂളില്‍ പഠിക്കുന്ന ഞങ്ങള്‍ , ' കുട്ടിസ്സഖാക്ക 'ളായിരുന്നു.! അരക്ഷിതാവസ്ഥയില്‍ ഊന്നിയാണ് വിമോചനസമരം കെട്ടിപ്പൊക്കിയത് . അങ്ങനെയാണ്  ആ മന്ത്രിസഭ പ്രധാനമന്ത്രി ജവഹരിലാല്‍ നെഹ്‌റു പിരിച്ചുവിട്ടത് . ആ മന്ത്രിസഭാപോലെ ഒന്ന് കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഇന്ന് രഹസ്യമായിട്ടെങ്കിലും കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കും .കേരളത്തില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തത് അന്നായിരുന്നു . അതിനു നേതൃത്വം കൊടുത്തതാവട്ടെ വയലാര്‍ രെവി , എം എ ജോണ്‍,തോപ്പില്‍ രെവി , കൃഷ്ണമേനോന്‍ , പനംപള്ളിയുടെ മകന്‍ പുരുഷോത്തമന്‍ , എ കെ ആന്റണി തുടങ്ങിയവരായിരുന്നു .

                                          ഇതിപ്പോള്‍ പറയാന്‍ കാരണം ഇപ്പോള്‍ പുറത്തിറങ്ങിയ " ദേശാഭിമാനി " ആഴ്ചപ്പതിപ്പില്‍ ആറന്മുളയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാജോര്‍ജിന്റെ അഭിമുഖം വായിക്കാനിടയായതുകൊണ്ടാണ്. ഇതുവരെ സഹപ്രവര്‍ത്തകരായി , മറ്റു ചാനലുകളില്‍, പത്രങ്ങളില്‍ ഒക്കെ ഉണ്ടായിരുന്നവരാണ് വീണക്കു എതിരായി തിരിഞ്ഞിരിക്കുന്നത് . വീണ ഒരു പ്രത്യേക സഭയുടെ പ്രതിനിധിയാണ് , ഭര്‍ത്താവാണ് വീണയുടെ സ്ഥാനാര്‍ഥിത്വത്തിനു ശ്രമിച്ചത് എന്നിങ്ങനെ ഒട്ടനവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് . വീണ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്സ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു എന്ന  കാര്യം മന പ്പൂര്‍വ്വം മറച്ചു പിടിക്കുകയും വീണ ആറന്മുളയില്‍ തോല്‍ക്കാന്‍ എന്തൊക്കെ പ്രചരിപ്പിക്കാമോ അതൊക്കെ ചെയ്യുകയാണ് വീണയുടെ "സഹപ്രവര്‍ത്തകര്‍". ഇതുവരെ വീണക്കില്ലാതിരുന്ന ദൂഷ്യങ്ങളൊക്കെ ഇവര്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ചിരിക്കുന്നു !.ഇതാണ് പത്രപ്രവര്‍ത്തനകുടുംബത്തിലെ "സഹജീവി"കളുടെ പെരുമാറ്റം .

                              ഈ പശ്ചാത്തലത്തില്‍ വേണം സ: പിണറായി വിജയനോട് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഉള്ള വിരോധത്തെ നോക്കിക്കാണാന്‍ . സഖാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയി ചാര്‍ജു എടുത്ത അന്ന് തുടങ്ങിയതാണ്‌ പത്രക്കാരും ചാനലുകാരും കൂടി ആക്രമിക്കാന്‍ . ഇല്ലാത്ത നുണക്കഥകളൊക്കെ ഉണ്ടാക്കി . ഇനി പറയാനൊന്നുമില്ല എന്ന ഘട്ടം വരെ എത്തി . അപ്പോള്‍ മാധ്യമക്കാര്‍ നിറുത്തി എന്നാണു സഖാവ് വിചാരിച്ചത് . ഇല്ല. അവര്‍ അങ്ങനെ നിറുത്തില്ല എന്ന് ഞാന്‍ പറഞ്ഞു . കാരണം ഇവരുടെ മുന്‍ തലമുറ കാണിച്ചത് കുറേക്കൂടി ഭംഗിയായി ഇവര്‍ കാണിക്കും . പൊതുവേ എനിക്ക് ഇവരെ അറിയാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി . അതിനാല്‍ അവര്‍ ഇതും ഇതിലപ്പുറവും ചെയ്യും . കേരളത്തില്‍ നൂറിലധികം സീറ്റ് നേടി എല്‍ ഡി എഫ് അധികാരത്തില്‍ വരും എന്ന് ഏതാണ്ട് ഉറപ്പായി . അത് തകര്‍ക്കണം . അതിനാല്‍ സ: പിണറായി വിജയന്‍ പറഞ്ഞത് വളച്ചൊടിക്കുക, എന്നിട്ട് സ:വി എസ്സിനെക്കൊണ്ട് എന്തെങ്കിലും പറയിക്കുക . ഇതായിരുന്നു രണ്ടുദിവസമായി കൊണ്ടുപിടിച്ചു ശ്രമിച്ചത് . അതാണ്‌ സ: വി എസ്സ് , സ: പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും കണ്ണൂരും വെച്ചു പൊളിച്ചടുക്കിയത്‌ .ഇതാണ് ഞങ്ങളുടെ പാര്‍ട്ടി . തിരുവനതപുരത്തും മറ്റുമുള്ള ഒരുകൂട്ടം മാധ്യമ മാഫിയക്കാര്‍ പറയുന്നതനുസരിച്ച് മറിയുന്നതല്ല കേരള സമൂഹം . ആ മാഫിയ പറയുന്നപോലെ യൂ ഡി എഫ് ന് വോട്ടു ചെയ്യുന്നവരല്ലെന്നു മേയ് 16 ന് കേരളം കാണിച്ചുതരും .